തിരുവനന്തപുരം: സത്യപ്രതിജ്ഞ വേദിയിലെ വന്ദേമാതരം വിവാദത്തിൽ സിപിഎം വിമർശനം മുഖ്യമന്ത്രി വി.ഡി. സതീശൻ അംഗീകരിച്ചെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. മതനിരപേക്ഷത മുറുകെപ്പിടിക്കുക എന്ന കടമ നിർവഹിക്കപ്പെട്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്റെ ആദ്യ ഈരടികൾക്കു പുറമെ ഗാനം മുഴുവനായും പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയെന്ന ആശയത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം രംഗത്തുവന്നിരുന്നു.
യഥാർഥ മതവിശ്വാസികൾ ഉൾപ്പെടെ ആഗ്രഹിക്കുന്ന മതനിരപേക്ഷ നിലപാടുയർത്തിയതിന് ബിജെപിയുടെ നേതൃത്വത്തിൽ ഒട്ടേറെ വ്യക്തി അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും ഉൾപ്പെടെ നേരിടേണ്ടി വന്നുവെന്നും റിയാസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ സിപിഎം ഉയർത്തിയ വിമർശനം ശരിയായിരുന്നു എന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. കോലമല്ല സ്വശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടിൽ നിന്ന് പിറകോട്ട് പോകുന്നവരല്ല സിപിഎം എന്നും റിയാസ് പറഞ്ഞു.